ഗവർണറുമായി കൂടിക്കാഴ് നടത്തി വിസി; സെനറ്റ് യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചതിനെതിരെ റിപ്പോർട്ട് കൈമാറി

 രാജ് ഭവനിൽ ഗവർണറുമായി കൂടിക്കാഴ് നടത്തി കേരള സർവ്വകലാശാല വൈസ് ചാൻസിലർ. സെനറ്റിൽ നടന്ന സംഭവ വികാസങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് വി സി നേരിട്ടെത്തിയത്. യോഗത്തിൽ ക്രമക്കേട് നടന്നുവെന്നാണ് വി സിയുടെ റിപ്പോർട്ട് എന്നാണ് സൂചന. വി സി വിളിച്ചുചേർത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ടത് വി സി ആയിരുന്നെന്നും എന്നാൽ യോഗത്തിനെത്തിയ മന്ത്രി അദ്ധ്യക്ഷത വഹിക്കുകയായിരുന്നുവെന്നാണ് വി സിയുടെ റിപ്പോർട്ട്. ഇത് ക്രമവിരുദ്ധമാണ് എന്നാണ് റിപ്പോർട്ടിലെ സൂചന. വി സിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സെനറ്റ് യോഗ തീരുമാനങ്ങൾ റദ്ദാക്കിയേക്കും. സെനറ്റിൽ നടന്ന സംഭവ വികാസങ്ങളിൽ റിപ്പോർട്ട് നൽകുമെന്ന് വി സി നേരത്തെ വ്യക്തമാക്കിയിരുന്നു. സെനറ്റ് യോഗ തീരുമാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിൽ വിസിയുടെ റിപ്പോർട്ട് നിർണായകമാണ്.

ഇതിനിടെ സെനറ്റ് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു നടത്തിയ നിയമലംഘനങ്ങൾക്ക് എതിരെ ഗവർണർ നാമനിർദ്ദേശം ചെയ്ത ബിജെപി അംഗങ്ങൾ ​ഗവർണർക്ക് പരാതി നൽകി. വൈസ് ചാന്‍സലര്‍ അധ്യക്ഷന്‍ എന്ന നിലയില്‍ അജണ്ടയുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തടസ്സപ്പെടുത്തുകയും അധ്യക്ഷയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും സെനറ്റിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രിയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും. രാഷ്ട്രീയ കാരണങ്ങളാല്‍ മന്ത്രി മനഃപൂര്‍വം നിയമം ലംഘിച്ചെന്നും ബിജെപി അം​ഗങ്ങൾ പറയുന്നു.

1977ലെ കേരള സര്‍വ്വകലാശാലയുടെ ചട്ടങ്ങളിലെ 5,3,6,7 അദ്ധ്യായങ്ങള്‍ സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും പ്രമേയം സംബന്ധിച്ച അന്തിമ അധികാരം വൈസ് ചാന്‍സലറാണെന്നും എന്നാൽ ചാന്‍സലര്‍ക്ക് പോലും നല്‍കാത്ത അധികാരം മന്ത്രി പ്രയോഗിക്കാന്‍ ശ്രമിച്ചത് രാജ്യത്തെ നിയമത്തോടുള്ള തികഞ്ഞ അനാദരവും അനുസരണക്കേടുമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്തുത നിയമവിരുദ്ധമായ പ്രവൃത്തിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ബഹുമാനപ്പെട്ട ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നും സെനറ്റ് യോ​ഗത്തിൽ അപമര്യാദയായി പെരുമാറിയ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രാറും പ്രോ വൈസ് ചാന്‍സലറും ഒപ്പിട്ട, വൈസ് ചാന്‍സലര്‍ വിളിച്ച പ്രത്യേക സെനറ്റ് മീറ്റിംഗിന്റെ മിനിറ്റ്‌സും, 16.02.2024 തീയതിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ഒപ്പിട്ട ഒരു പ്രസ് റിലീസും വൈസ് ചാന്‍സലര്‍ അറിയാതെ പുറത്തിറക്കിയതും പ്രസിദ്ധീകരിച്ചതും അങ്ങേയറ്റം അപലപനീയമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല രജിസ്ട്രാര്‍, പിആര്‍ഒ (ഇന്‍ചാര്‍ജ്) എന്നിവര്‍ക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

ഗവർണർ നാമ നിർദേശം ചെയ്ത ബിജെപി അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി ജി നായര്‍, പി ശ്രീകുമാര്‍, പി എസ് ഗോപകുമാര്‍, ജി സജികുമാര്‍, അഡ്വ വി കെ മഞ്ജു, ഒ ബി കവിത, ഡോ. എസ് മിനി വേണുഗോപാല്‍ എന്നിവരാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ രാജ്ഭവനിലെത്തി പരാതി നൽകിയത്.
Top