പള്ളികളിൽ ഇനി ബാങ്ക് വിളി ഏകോപിപ്പിക്കും, മാതൃകയായി മലപ്പുറത്തെ വാഴക്കാട്ടുകാർ

വാഴക്കാട്: മുസ്ലീം പള്ളികളിലെ ബാങ്ക് വിളി ഏകോപിപ്പിക്കാൻ ഒരുങ്ങുകയാണ് മലപ്പുറത്തെ വാഴക്കാട്ടുകാർ. ഉച്ചഭാഷിണിയിലൂടെ ഒന്നിച്ചുള്ള ബാങ്ക് വിളി പ്രയാസം സൃഷ്ടിക്കുന്നതാണെന്നാണ് പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ പറയുന്നത്. തുടർന്നാണ് ബാങ്ക് വിളി ഏകോപിപ്പിക്കാൻ തീരുമാനിച്ചത്.

ഹയാത് സെന്ററിൽ നടന്ന വഴക്കാട്ടെ സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിലാണ് ഈ മാതൃകാപരമായ തീരുമാനം എടുത്തത്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്കുകൾ ഏകോപിപ്പിക്കാൻ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ കലണ്ടർ വരെ നിർമിച്ചു കഴിഞ്ഞു. ഈ കലണ്ടർ അനുസരിച്ചായിരിക്കും ഇനി ബാങ്കുവിളി നടത്തുക. കൂടാതെ ഒരു പ്രദേശത്തെ ജനസംഖ്യ അനുസരിച്ച്‌ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളികൾ രണ്ടോ മൂന്നോ പള്ളികളിൽ മാത്രമാക്കും. ബാക്കിയുള്ള പള്ളികളിൽ അകത്തു നിന്ന് മാത്രമേ ബാങ്ക് വിളിക്കുകയൊള്ളു. ബാങ്കുവിളി ഏകോപിപ്പിക്കാൻ വേണ്ടി സമിതിയെ നിയോഗിച്ചിട്ടുണ്ട്.

നേരത്തെ ഈ പ്രശ്നം ചർച്ച ചെയ്യുകയും 2018 ലെ റമദാൻ മാസത്തിൽ ബാങ്കുവിളി ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അന്ന് വിവിധ മത പണ്ഡിതന്മാരുടെ നിർദേശമനുസരിച്ചായിരുന്നു ബാങ്കുവിളി ഏകോപിപ്പിച്ചത്‌.

Top