വയനാട് ജനതയുമായുള്ള ബന്ധം ജീവിതകാലം മുഴുവനും തുടരുമെന്ന പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം ജീവിതകാലം മുഴുവനും തുടരുമെന്ന് രാഹുല്‍ ഗാന്ധി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് സംസാരിക്കവെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വയനാട്ടിലെ സഹോദരിമാര്‍ക്ക് ഞാന്‍ സഹോദരനായിരിക്കും, ഇവിടെയുള്ള അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും മകനായിരിക്കും. ഈ ബന്ധം കുറഞ്ഞ കാലം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കുന്നതല്ലെന്നും. വയനാട്ടില്‍ മത്സരിക്കുന്നത് തനിക്ക് ആദരവാണെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുക പുസ്തകം വായിച്ചായിരിക്കില്ല, ജനങ്ങളിലേക്ക് ഇറങ്ങി ചെന്നായിരിക്കും. പ്രതിസന്ധികള്‍ എന്തൊക്കെയാണെന്ന് ജനങ്ങളെ മുഖാമുഖം കണ്ട് അറിയണം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം ഇവിടെയുണ്ട്. വികസനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വിശ്വാസം തനിക്കുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയക്കാരനായല്ല ഇവിടെ വന്നത്. വയനാട്ടുകാരുടെ ഹൃദയത്തിലുള്ളതും ആത്മാവിലുള്ളതും അറിയുകയാണ് ലക്ഷ്യം. രാത്രിയാത്രാ നിരോധനം കൊണ്ടുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. അധികം വൈകാതെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്നും രാഹുല്‍ പറഞ്ഞു.

Top