Vayalar Ravi pressure high command for oommen Chandy

ന്യൂഡല്‍ഹി: ഡി.സി.സി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതികളില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹൈക്കമാന്റില്‍ മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ സമ്മര്‍ദ്ദം.

ഉമ്മന്‍ചാണ്ടിയെ തഴഞ്ഞ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന മുന്നറിയിപ്പാണ് വയലാര്‍ രവി നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഗുല്‍ഗാന്ധിയെയും വയലാര്‍ രവി തന്റെ നിലപാടുകള്‍ അറിയിച്ചിട്ടുണ്ട്.ഇതോടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് ഉമ്മന്‍ചാണ്ടിയെ ചര്‍ച്ചക്കായി ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയിലെ ചര്‍ച്ച സംസ്ഥാനത്തെ കോണ്‍ഗ്രസിനെ സംബനധിച്ച് ഏറെ നിര്‍ണ്ണായകമാകും.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിര്‍ണായക ശക്തിയായിരുന്ന എ ഗ്രൂപ്പിന് നിലവില്‍ ഒരു സ്ഥാനവും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം സുധീരനും പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തലക്കുമാണ്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമാകട്ടെ ഐ ഗ്രൂപ്പിലെ പി.പി തങ്കച്ചനുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയോടെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ ഉമ്മന്‍ചാണ്ടി മാറി നില്‍ക്കുകയായിരുന്നു. തുല്യ ഉത്തരവാദിത്വമുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന്റ് സുധീരനാകട്ടെ സ്ഥാനം ഒഴിഞ്ഞതുമില്ല. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തേക്കാള്‍ യു.ഡി.എഫിന് ദോഷമായത് കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടുകളായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.

ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തപ്പോള്‍ ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും അവഗണിച്ച് സുധീരനും ഐ ഗ്രൂപ്പും വേണ്ടപ്പെട്ടവരെ പ്രസിഡന്റുമാരാക്കുകയായിരുന്നു. ഇതോടെയാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടി വിട്ടു നിന്നിരുന്നത്.

ആര്യാടന്‍ മുഹമ്മദ്, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, പി.സി വിഷ്ണുനാഥ് അടക്കമുള്ള നേതൃനിര ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്. കെ. മുരളീധരന്‍ എം.എല്‍.എയും ഉമ്മന്‍ചാണ്ടിയോടൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് എന്ന ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും വാദം അംഗീകരിച്ചാല്‍ വി.എം സുധീരന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകും. കെ. കരുണാകരനു ശേഷം ഐ ഗ്രൂപ്പിന്റെ കരുത്ത് നഷ്ടപ്പെട്ടതും മുരളീധരന്റെ പിന്തുണ ലഭിച്ചതും പാര്‍ട്ടി പിടിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിന് സഹായകമാവുകയും ചെയ്യുമെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഈ അപകടം മുന്നില്‍ കണ്ടാണ് സംഘടനാ തിരഞ്ഞെടുപ്പ് തടഞ്ഞ് നോമിനേഷനിലൂടെ കെ.പി.സിസി പുനഃസംഘടനക്കായി സുധീരനും ചെന്നിത്തലയും കരുനീക്കുന്നത്.

Top