വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 44-ാം അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രനാണ് ലഭിച്ചിരിക്കുന്നത്. ഒരു വിര്‍ജീനിയന്‍ വെയില്‍കാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്‍പവുമാണ് അവാര്‍ഡ്.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചന്ദന മണീവാതില്‍ പാതിചാരി എന്നു തുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍.

Top