കാനഡയില്‍ തടവിലാക്കപ്പെട്ട വാവെയ് മേധാവിക്ക് ഉപാദികളോടെ ജാമ്യം അനുവദിച്ചു

ഓട്ടവ: കാനഡയില്‍ തടവിലായ വാവെയ് മേധാവിക്ക് ജാമ്യം. യു.എസില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഇറാനിലേക്ക് കയറ്റി അയച്ചെന്ന കേസില്‍ തടവിലായിരുന്ന ചൈനീസ് ടെലികോം ഭീമന്‍ വാവെയ്‌യുടെ ചീഫ് എക്‌സിക്യൂട്ടിവ് മെങ് വാന്‍ഷുവിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

7.5 മില്യണ്‍ ഡോളര്‍ ജാമ്യ തുകയായി കോടതിയില്‍ കെട്ടിവെക്കണം, വാന്‍ഷു കൈവശം വെച്ചിരിക്കുന്ന രണ്ട് പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം. 24 മണിക്കൂറും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും എന്നിവയാണ് നിബന്ധനകള്‍. കൂടെ ജി.പി.എസ് സംവിധാനമുള്ള ഇലക്ട്രിക് ടാഗ് കാലില്‍ ധരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വാവെയ് സ്ഥാപകന്‍ റെന്‍ ഷെങ്ഫീയുടെ മകളായ വാന്‍ഷു ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച് യു.എസില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഇറാനിലേക്ക് കയറ്റി അയച്ചുവെന്നായിരുന്നു കേസ്. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളാണ് വാവെയ്.

Top