വാവാ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു; ചികിത്സയ്ക്ക് പ്രത്യേക സംഘം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാവയുടെ ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകിട്ട് 4.30ഓടെ കുറിച്ചിയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ സഞ്ചിയിലാക്കുന്നതിനിടെയാണ് വാവയ്ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് പാമ്പിനെ സുരക്ഷിതമായി കൂട്ടിലാക്കിയ ശേഷം ഉടനെ വാവ സുരേഷിനെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും വരെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ നില വൈകാതെ ഗുരുതരമായി.

അതേസമയം വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Top