പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി, മന്ത്രി വാസവന്‍ കണ്‍കണ്ട ദൈവമെന്നും വാവ സുരേഷ്

തിരുവനന്തപുരം: ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവ സുരേഷ്. പാമ്പുകടിയേറ്റ് കോട്ടയത്ത് ചികിത്സയിലായിരുന്ന സുരേഷ് അപകടനില തരണം ചെയ്ത് ശ്രീകാര്യത്തെ വീട്ടിലെത്തി.

ഇപ്പോള്‍ ഞാന്‍ ആരാധിക്കുന്നത് ഒരു മനുഷ്യനെ മാത്രമാണ്. കോട്ടയത്തിന്റെ സ്വന്തം മന്ത്രിയായ വി.എന്‍ വാസവന്‍ സാറാണ് എന്റെ ഇപ്പോഴത്തെ കണ്‍കണ്ട ദൈവം. എനിക്ക് ഇങ്ങനെയൊരു അപകടമുണ്ടായെന്ന് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം അവിടെ വന്നു. അവിടെ പേപ്പര്‍വര്‍ക്കിനൊന്നും നില്‍ക്കാതെ എന്റെ ‘മരിച്ച’ ശരീരവുമായി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. പോകുന്ന വഴിക്ക് തന്നെ അദ്ദേഹം എല്ല ഡോക്ടര്‍മാരെയും വകുപ്പ് മേധാവികളെയെല്ലാം വിളിച്ച് കോഡിനേറ്റ് ചെയ്തു. ആശുപത്രിയിലും എല്ലാ വകുപ്പിലുള്ളവരും നന്നായി സഹായിച്ചതുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചെത്താനായത് വാവ സുരേഷ് പറഞ്ഞു.

”ഇപ്പോഴത്തെ എന്റെ ജീവന്‍ കോട്ടയംകാരുടെ ഒരു ദാനമാണ്. എന്റെ നാട്ടില്‍പോലും കിട്ടാത്ത പിന്തുണയാണ് അവിടെ കിട്ടിയത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റിന്റെ എല്ലാ സഹായവും ലഭിച്ചു. എന്റെ ജീവിതം ഇനി കോട്ടയംകാര്‍ക്കു വേണ്ടിയാണ്.”

പ്രതീക്ഷയില്ലാത്ത ജീവിതത്തില്‍നിന്ന് ശുഭപ്രതീക്ഷയുള്ള ജീവിതത്തിലേക്ക് എന്നെ തിരിച്ചെത്തിച്ച നല്ല മനസിനുടമകള്‍ക്ക് നന്ദി പറയുന്നു. എനിക്കു വേണ്ടി പള്ളികളിലും ചര്‍ച്ചുകളിലും അമ്പലങ്ങളിലും വഴിപാട് നേര്‍ന്ന് പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം അറിയിച്ചു.

Top