വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; സംസാരിച്ചു തുടങ്ങി

കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. സുരേഷ് സാധാരണഗതിയില്‍ ശ്വാസം എടുക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായി.

വാവ സുരേഷ് കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓര്‍മ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടേഴ്സ് പറഞ്ഞു. നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്. ഇന്നുമുതല്‍ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങും. അവയവങ്ങള്‍ കൂടുതല്‍ ചലനശേഷി കൈവരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് നടത്തിയേക്കും.ഇന്ന് ഐസിയുവില്‍ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. വാവ സുരേഷിന്റെ ആരോഗ്യ നില വിലയിരുത്തി തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന്  യോഗം ചേരും.

കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

 

Top