വാവ സുരേഷ് ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടു

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂര്‍ണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് സുരേഷ് പറയുന്നത്. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അല്‍പം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവില്‍ നല്‍കുന്നത്.

നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. 10 ദിവസമെങ്കിലും പൂര്‍ണവിശ്രമം വേണം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Top