സാമുദായ സംഘടനകൾക്കിത് മുന്നറിയിപ്പ്; രാഷ്ട്രീയത്തിൽ ഇടപെട്ടാൽ വിവരമറിയും

ജാതി രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വട്ടിയൂര്‍ക്കാവിലെ ചുവപ്പ് വിജയം.

വമ്പന്‍ അട്ടിമറി വിജയമാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കരസ്ഥമാക്കിയിരിക്കുന്നത്. ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് സി.പി.എംപോലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ യാഥാര്‍ത്ഥത്തില്‍ മത്സരം നടന്നത് എന്‍.എസ്.എസ് നേതൃത്വവും സി.പി.എമ്മും തമ്മിലായിരുന്നു.

ഇടതുപക്ഷത്തിന്റെ അടിവേര് തന്നെ തകര്‍ക്കാം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എന്‍.എസ്.എസ് ഇത്തവണ പ്രവര്‍ത്തിച്ചിരുന്നത്.


പരസ്യമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ് രംഗത്തിറങ്ങിയത് രാഷ്ട്രിയ കേരളത്തെതന്നെ അമ്പരപ്പിച്ച കാര്യമായിരുന്നു. ഈ സാമുദായിക ദാര്‍ഷ്ട്യത്തിനാണിപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.

ഫിനിക്സ് പക്ഷിയെ പോലെയാണ് വട്ടിയൂര്‍ക്കാവില്‍ ചെമ്പട ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്. ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്തായിടത്ത് നിന്നാണ് ഈ വമ്പന്‍ തിരിച്ചുവരവ്. അതായത് മണ്ഡലത്തിലെ 40 ശതമാനം വരുന്ന നായര്‍ വോട്ടുകളില്‍ നല്ലൊരു പങ്കും ഇടതുപക്ഷത്തിന് തന്നെ കിട്ടിയെന്ന് വ്യക്തം.

സ്വന്തം സമുദായംഗങ്ങള്‍ക്കിടയില്‍ തന്നെ സ്വീകാര്യത ഇല്ലാത്ത നേതാവായി സുകുമാരന്‍ നായരും ഇതോടെ മാറി കഴിഞ്ഞു.

നേതൃത്വത്തിന്റെ ശരിദൂരമല്ല സമുദായംഗങ്ങളുടെ ശരിദൂരമെന്നതും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

പ്രതികൂല സാഹചര്യത്തിലും യു.ഡി.എഫ് വിജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പെരുന്നയിലെ എന്‍.എസ്.എസ് തലോടല്‍ ‘ധൃതരാഷ്ട്രാലിംഗനമായതോടെ’ നാണംകെട്ടുപോയത് സുകുമാരന്‍ നായര്‍ കൂടിയാണ്.

രാഷ്ട്രീയ കേരളത്തില്‍ ഇനി ഈ സാമുദായിക നേതാവിന്റെ വാക്കുകള്‍ക്ക് ഒരു വിലയുമുണ്ടാകില്ല.

എന്‍.എസ്.എസിന്റെ പരസ്യ പിന്തുണയാണ് തിരിച്ചടിച്ചതെന്ന വികാരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും തുറന്ന് പറഞ്ഞു കഴിഞ്ഞു.

എന്‍.എസ്.എസ് ആയാലും എസ്.എന്‍.ഡി.പി യോഗം ആയാലും ഈ ജാതി സംഘടനകളെ മാറ്റി നിര്‍ത്തുക തന്നെ വേണം. അത്തരമൊരു സന്ദേശം നല്‍കുന്നതാണ് വട്ടിയൂര്‍ക്കാവിലെ ജനവിധി.

യു.ഡി.എഫ് സിറ്റിംഗ് സീറ്റില്‍ മൂന്നാം സ്ഥാനത്ത് നിന്ന് മികച്ച ഭൂരിപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞത് നിസാര കാര്യമല്ല. ജാതി രാഷ്ട്രീയത്തിന് എതിരായ വിധിയെഴുത്തായി ആയിരിക്കും ചരിത്രത്തില്‍ ഈ വിജയം ഇനി വിലയിരുത്തപ്പെടുക.


എന്‍.എസ്.എസ് പിന്തുണയില്‍ വട്ടിയൂര്‍ക്കാവിന് പുറമെ കോന്നിയും ജയിക്കാമെന്നായിരുന്നു യു.ഡി.എഫ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഡി.വൈ.എഫ്.ഐ യുടെ കരുത്തനായ യുവ നേതാവ് ജനീഷ് കുമാറിന് മുന്നില്‍ കോണ്‍ഗ്രസ്സിന്റെ ഈ കോട്ടയും ഒലിച്ചുപോയിരിക്കുകയാണ്.

അടൂര്‍ പ്രകാശിലൂടെ നിരവധി വര്‍ഷങ്ങളായി കോട്ടയാക്കി കാത്ത കോന്നിയിലെ പതനം വലിയ കലാപത്തിലേക്കാണ് കോണ്‍ഗ്രസ്സിനെ ഇനി തള്ളിവിടാന്‍ പോകുന്നത്.

സരിത വിവാദത്തിനിടയില്‍പോലും കോന്നിയില്‍ വിജയിച്ചുകയറിയ ചരിത്രമാണ് അടൂര്‍ പ്രകാശിനുണ്ടായിരുന്നത്. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

കോന്നിയും വട്ടിയൂര്‍ക്കാവും ചുവന്ന് തുടുക്കുമ്പോള്‍ അന്തം വിട്ടിരിക്കുന്ന മറ്റൊരു വിഭാഗം കൂടിയുണ്ടിവിടെ. അത് കാവിപ്പടയാണ്. രണ്ടിടത്തും നാണംകെട്ട തോല്‍വിയാണ് ബി.ജെ.പിക്ക് സംഭവിച്ചിരിക്കുന്നത്. ബി.ജെ.പി അട്ടിമറി വിജയം പ്രതീക്ഷിച്ച മണ്ഡലങ്ങളായിരുന്നു ഇവ രണ്ടും.


വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി.

കോന്നിയില്‍ ലോകസഭ തിരഞ്ഞെടുപ്പ് കണക്ക് പരിശോധിച്ചാല്‍ മൂന്ന് മുന്നണികളും ഏറെക്കുറെ ഒപ്പത്തിനൊപ്പവുമായിരുന്നു. ചെറിയ വ്യത്യാസം മാത്രമാണ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഈ കണക്കുകള്‍ തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കും അടിസ്ഥാനമായിരുന്നത്.

എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയ ഈ പ്രഹരം കാവി പടയെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കഴിയാതിരുന്നതാണ് വലിയ ക്ഷീണമായിരിക്കുന്നത്.

രാഷ്ട്രീയമായും സാമുദായികമായും ഉയര്‍ന്ന വലിയ വെല്ലുവിളികളെയാണ് ഇവിടെ ഇടതുപക്ഷം അതിജീവിച്ചിരിക്കുന്നത്. ഈ രണ്ട് യു.ഡി.എഫ് കോട്ടകളിലെ വിള്ളല്‍ മാത്രം മതി കേരളത്തിന്റെ മനസ്സ് വായിച്ചറിയുവാന്‍.

2021 ലെ പൊതു തിരഞ്ഞെടുപ്പിലും ചുവപ്പ് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ അട്ടിമറി വിജയങ്ങള്‍.

political reporter

Top