എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രം വട്ടമേശ സമ്മേളനം ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് വട്ടമേശ സമ്മേളനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഇതിന്റെ പോസ്റ്ററിലെ വാചകങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റര്‍ ഇതാ എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷന്‍. മാത്രമല്ല, കാണേണ്ടവര്‍ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നും പോസ്റ്ററില്‍ പറയുന്നു.

എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം. അമരേന്ദ്രന്‍ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. പാഷാണം ഷാജി, അഞ്ജലി, കെ പി എസ് പടന്നയില്‍, വിപിന്‍ ആറ്റ്‌ലി, മോസസ് തോമസ്. ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കല്‍ , ജിബു ജേക്കബ്, സോഹന്‍ സീനുലാല്‍, നോബി, സുധി കോപ്പ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വട്ടമേശ സമ്മേളനത്തിലെ ആദ്യ ചിത്രം ‘ദൈവം നമ്മോടു കൂടെ’ എന്നതാണ്. സാഗര്‍ വി എ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനുമായ വിപിന്‍ ആറ്റ്ലി ആണ്. ഇതിലെ നാലാമത്തെ ചിത്രമായ ‘മാനിയാക്’ ന്റെ രചനയും വിപിന്‍ ആറ്റ്ലി ആണ് നിര്‍വഹിച്ചിരിക്കുന്നത്. നൗഫസ് നൗഷാദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതിലെ അഞ്ചാമത്തെ ചിത്രമായ ‘പ്ര്ര്‍’ എഴുതി സംവിധാനം ചെയ്തിരിക്കുന്നതും വിപിന്‍ ആറ്റ്ലി ആണ്.

‘കുട്ടായി ആരായി’ എന്ന രണ്ടാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അജു കിഴുമല ആണ്. ‘ടൈം’ എന്ന മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തത് അനില്‍ ഗോപിനാഥും രചിച്ചിരിക്കുന്നത് രാഹുല്‍ നിഷാമും ആണ്.’സൂപ്പര്‍ ഹീറോ’എന്ന ആറാമത്തെ ചിത്രം ഒരുക്കിയത് വിജീഷ് എ സിയും , ‘മേരി’ഏഴാമത്തെ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ആന്റോ ദേവസ്യായും ആണ്. സൂരജ് തോമസ് ഒരുക്കിയ ‘അപ്പു’ ആണ് ഇതിലെ എട്ടാമത്തെയും അവസാനത്തെയും ചിത്രം.

Top