വസുന്ധരയെ കൈവിട്ട് സംഘപരിവാര്‍, തിരശ്ശീല വീണത് ഒരു ‘രാജ’ യുഗത്തിന് . .

സുന്ധര രാജ സിന്ധ്യയെ പാഠം പഠിപ്പിക്കാനൊരുങ്ങുകയാണോ ബിജെപി? ഈ ചോദ്യമാണിപ്പോള്‍ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ മുഴങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന വസുന്ധരയ്‌ക്കെതിരെ പാര്‍ട്ടിയില്‍ കരുനീക്കങ്ങളാരംഭിച്ചതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇത് ശരിവയ്ക്കും വിധമുള്ളതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിമാരെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ് സിങ് ചൗഹാനും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമണ്‍സിങ്ങിനും അതൊരു ആശ്വാസനടപടിയാണെങ്കിലും വസുന്ധരയുടെ കാര്യത്തില്‍ വസ്തുത അങ്ങനെയല്ല. പാര്‍ട്ടി ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനമായിരുന്നു വസുന്ധര സ്വപ്നം കണ്ടത്. എന്നാല്‍, സംസ്ഥാനത്തിന്റെ ചുമതലയില്‍ നിര്‍ത്താതെ വസുന്ധരയെ ദേശീയതലത്തിലേക്ക് ചുവട് മാറ്റിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. 164ല്‍ നിന്ന് 73ലേക്കാണ് രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിയുടെ അംഗബലം കുറഞ്ഞത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വസുന്ധര പരാജയമായതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന വിലയിരുത്തല്‍ ബിജെപി നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ വസുന്ധരയെ പ്രതിപക്ഷനേതാവാക്കേണ്ടെന്നാണ് തീരുമാനം.

മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയയെ ആണ് ബിജെപി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. വസുന്ധരയുടെ വലംകൈയ്യായ രാജേന്ദ്ര റാത്തോറിനെ പ്രതിപക്ഷ ഉപനേതാവുമാക്കി. സന്ദേശം വ്യക്തം, വസുന്ധര രാജസ്ഥാനില്‍ അപ്രസക്തയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിക്കാമെന്ന വസുന്ധരയുടെ സ്വപ്നവും പൊലിയാനാണ് സാധ്യത. എന്തുവന്നാലും താന്‍ രാജസ്ഥാന്‍ വിട്ടുപോരില്ല എന്ന വസുന്ധരയുടെ പിടിവാശി ദേശീയനേതൃത്വത്തെ ചൊടിപ്പിച്ചതായാണ് സൂചന. അതുകൊണ്ട് കൂടിയാണ് ആര്‍എസ്എസിന് പ്രിയപ്പെട്ടവനായ ഖട്ടാരിയയെ പ്രതിപക്ഷ നേതാവാക്കി വസുന്ധരയെ ദേശീയവൈസ് പ്രഡിഡന്റാക്കിയതെന്നാണ് വിവരം.

വസുന്ധര രാജസ്ഥാനില്‍ മാത്രമല്ല രാജ്യത്താകെ ബിജെപിയുടെ തിളങ്ങുന്ന മുഖമാണെന്നും അതുകൊണ്ടാണ് ദേശീയനേതൃത്വത്തിലേക്ക് മാറ്റിയതെന്നുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അതല്ലെന്ന് അങ്ങാടിപ്പാട്ട് ഉണ്ടെന്നാണ് പാര്‍ട്ടിയിലെ തന്നെ രഹസ്യകേന്ദ്രങ്ങള്‍ പറയുന്നത്.

Top