നെയ്യാറ്റിന്‍കര തര്‍ക്കഭൂമി തന്റേതെന്ന് ആവര്‍ത്തിച്ച് വസന്ത

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വില്‍പ്പന നടത്താന്‍ ധാരണയായത് നിയമപ്രകാരമാണെന്ന് പരാതിക്കാരി വസന്ത.

തര്‍ക്കമുള്ള ഭൂമിക്ക് പട്ടയമുണ്ട്, അത് സുകുമാരന്‍ നായരുടെ പേരിലാണുള്ളത്. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ ആദ്യ ഉടമയുടെ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണണെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. അങ്ങനെയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തനിക്ക് ലഭിച്ചതെന്ന് വസന്ത പറഞ്ഞു.

‘സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു പിന്നീട് അത് സുഗന്ധി എന്ന സ്ത്രീ വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് താന്‍ പണം നല്‍കി, സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വെച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി.’ വസന്ത പറഞ്ഞു.

‘കോളനിയില്‍ മദ്യവും കഞ്ചാവുമെല്ലാം കൂട്ടുകച്ചവടമാണ്. ഞാന്‍ അതിനെതിരാണ്. പലതവണ പോലീസിനെ വിവരമറിയിച്ചു. ഇതിന്റെ പേരില്‍ കോളനിക്കാര്‍ക്ക് എന്നോട് ശത്രുതയാണ്. എന്നെ എങ്ങനെയെങ്കിലും ഓടിക്കണമെന്നാണ് കോളനിക്കാരുടെ ഉദ്ദേശം. അതിന് വേണ്ടി പലതരത്തില്‍ എന്നെ ദ്രോഹിച്ചു. വീടിന് കല്ലെറിയുകയും പടക്കംപൊട്ടിക്കുക വരെ ചെയ്തിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പോലീസിനെ വിവരമറിയിച്ചത്. ഡിജിപിയെ വരെ കണ്ടു. എവിടുന്നും നീതി ലഭിച്ചില്ല. കോളനിക്കാര്‍ എന്റെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഒമ്പതര സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. പുറമ്പോക്ക് വസ്തുവാണെന്ന് കാണിക്കാനാണ് രാജനും കോളനിക്കാരും ശ്രമിച്ചത്. ഇതിനെതിരേയാണ് തന്റെ പോരാട്ടം’ വസന്ത ചൂണ്ടിക്കാണിച്ചു.

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കാമെന്ന വാഗ്ദാനം രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ നിരസിച്ചിരുന്നു. ഭൂമിയില്‍ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങള്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരാണ്. വിവരാവകാശപ്രകാരമുള്ള രേഖയില്‍ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവര്‍ക്ക് വില്‍ക്കാനാവുന്നത് എന്നായിരുന്നു മക്കളായ രാഹുലും രഞ്ജിത്തും പ്രതികരിച്ചത്.

Top