കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്‌കാരം ഇന്ന്

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഭോപാലില്‍ നടക്കും. രാവിലെ 11ന് ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലില്‍ എത്തിച്ചിരുന്നു. എയര്‍പോര്‍ട്ട് റോഡിലെ സണ്‍ സിറ്റി കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനത്തിന് വച്ചിരുന്നു. അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത് നൂറുകണക്കിന് പേരാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉന്നത സൈനികോദ്യോഗസ്ഥരുമടക്കം വസതിയില്‍ എത്തി ധീര സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാല് പേരില്‍ 13 പേരും ഡിസംബര്‍ 8ന് തന്നെ അന്തരിച്ചു. ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് ജീവിതത്തോട് പൊരുതി നിന്നത്. എന്നാല്‍ ദിവസങ്ങള്‍ ശേഷം ഡിസംബര്‍ 15ന് അദ്ദേഹവും വിടവാങ്ങുകയായിരുന്നു.

 

Top