പ്രായപൂര്‍ത്തിയായവര്‍ക്ക് അവയവദാനത്തിനുള്ള ബില്‍ അവതരിപ്പിക്കുമെന്ന് വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രായ പൂര്‍ത്തിയായ എല്ലാ പൗരര്‍ക്കും അവയവദാനത്തിന് അനുമതി നല്‍കുന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ഡൊണേഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ബില്‍ 2020 അനുസരിച്ച് പ്രായപൂര്‍ത്തിയായ എല്ലാ പൗരര്‍ക്കും മരണശേഷം അവയവദാനത്തിനുള്ള അവകാശം ലഭിക്കും. അവയവദാനം നിര്‍ബന്ധിതമായിരിക്കില്ലെങ്കിലും രജിസ്ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന വ്യവസ്ഥകള്‍ ബില്ലിലുണ്ടാകുമെന്ന് വരുണ്‍ഗാന്ധി പറഞ്ഞു.

അവയവദാതാക്കളുടെ അഭാവത്താല്‍ സംഭവിക്കുന്ന മരണത്തിന്റെ നിരക്ക് കുറയ്ക്കുകയാണ് ഈ ബില്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം. നിലവിലെ സാഹചര്യമനുസരിച്ച് അവയവദാനത്തിന് താല്‍പര്യമുള്ള പല വ്യക്തികള്‍ക്കും അത് അസാധ്യമാകുന്നുണ്ട്. ബില്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഒരു വ്യക്തിയുടെ അവയവദാനം തടസപ്പെടുത്താന്‍ മറ്റൊരാള്‍ക്ക് അവകാശമുണ്ടായിരിക്കില്ല.

പുതിയ ബില്‍ നിലവില്‍ വരുന്നതോടെ വ്യക്തികള്‍ക്ക് അവര്‍ക്ക് സൗകര്യമുള്ള രീതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.

ബില്‍ നിലവില്‍ വരുന്നതോടെ വര്‍ഷത്തില്‍ 35 മുതല്‍ 45 ദശലക്ഷത്തോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണശേഷമുള്ള അവയവദാനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളില്‍ തുടങ്ങി രാജ്യത്താകമാനം ബോധവത്കരണം നടത്തണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

Top