ബിജെപിക്കെതിരെ പോര് കടുപ്പിച്ച് വരുണ്‍ ഗാന്ധി, തുറന്നുകാട്ടി വാജ്‌പേയിയുടെ വാക്കുകള്‍

ലക്‌നൗ: ലംഖിപൂരിലെ കര്‍ഷക മരണത്തെ വിമര്‍ശിച്ചതു മുതല്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് വരുണ്‍ ഗാന്ധി എംപി. ഇപ്പോഴിതാ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് വരുണ്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്.

കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ പ്രസംഗം ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. കര്‍ഷക കൊലപാതകത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് വീണ്ടും വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.

1980 ല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടന്ന കര്‍ഷക സമരത്തെ അഭിസംബോധന ചെയ്തായിരുന്നു എ.ബി വാജ്‌പേയ് പ്രസംഗം നടത്തിയത്. കര്‍ഷകരുടെ പ്രാധാന്യം എടുത്തു പറഞ്ഞ വാജ്‌പേയി സമരത്തെ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ന്യായമാണെന്ന് വ്യാഖ്യാനിക്കുന്ന രീതിയിലാണ് പ്രസംഗം പങ്കുവെച്ചുകൊണ്ടുള്ള വരുണിന്റെ ട്വീറ്റ്.

എന്നാല്‍ വരുണിന്റെ ട്വീറ്റിനോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലഖിംപുര്‍ വിഷയത്തിലെ വിമര്‍ശനത്തിന് പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതി യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും നിര്‍വാഹക സമിതി യോഗത്തില്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നുമായിരുന്നു ഇതിനോട് വരുണ്‍ പ്രതികരിച്ചത്.

Top