കോഴിക്കോടിന്റെ സമരമുഖം വരുണ്‍ ഭാസ്‌ക്കര്‍ പിതാവിന്റെ പാതയില്‍ കോര്‍പ്പറേഷനിലേക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സമരമുഖത്ത് ജ്വലിച്ചു നിന്ന ചെറുപ്പക്കാരന്‍ വരുണ്‍ ഭാസ്‌ക്കര്‍ കോര്‍പ്പറേഷനിലേക്ക് അങ്കം കുറിക്കുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവായി പൊലീസുകാരുടെ ലാത്തിയടിയും ജയില്‍ വാസവും നേരിട്ട കോഴിക്കോട് നഗരത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ് വരുണ്‍ ഭാസ്‌ക്കറിന്റേത്. കോഴിക്കോട്ടുകാര്‍ സ്നേഹാദരവോടെ ഭാസ്‌ക്കരേട്ടനെന്നു വിളിക്കുന്ന മുന്‍ മേയര്‍ എം. ഭാസ്‌ക്കരന്റെ മകന്‍.

രോഗബാധിതനായി ഭാസ്‌ക്കരേട്ടന്‍ മരണപ്പെട്ട് ഒരു മാസം തികയും മുമ്പെ സി.പി.എം നേതൃത്വം കരുവിശേരി ഏഴാം വാര്‍ഡില്‍ നിന്നും കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി നിയോഗിക്കുകയായിരുന്നു. പിതാവ് എം. ഭാസ്‌ക്കരന്‍ അഞ്ചു വര്‍ഷം കൗണ്‍സിലറായിരുന്ന കരുവിശേരിയില്‍ പിന്‍ഗാമിയാകാനുള്ള ചരിത്രനിയോഗമാണ് വരുണിനെ തേടിയെത്തിയത്.

പിതാവ് കോഴിക്കോട് നഗരത്തിന്റെ മേയറായിരുന്നപ്പോഴും സമരമുഖത്ത് സജീവമായിരുന്നു വരുണ്‍. വിമാനനിരക്ക് കൂട്ടി പ്രവാസികളെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി എയര്‍ ഇന്ത്യാ ഓഫീസ് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ 20 ദിവസമാണ് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് റിയാസിനൊപ്പം വരുണ്‍ ഭാസ്‌ക്കറിനെ ജയിലിലടച്ചത്. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടത്തിയ പി.ഡബ്യൂ.ഡി ഓഫീസ് മാര്‍ച്ചിന്റെ പേരിലും 14 ദിവസം ജയിലില്‍ കിടന്നു. കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ത്ഥി, യുവജന സമരങ്ങളിലെല്ലാം സജീവമായിരുന്നു വരുണ്‍. സമരത്തെ തല്ലിയൊതുക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരനു നേരെ കൈചൂണ്ടി ആക്രോശിക്കുന്ന വരുണിന്റെ പടം പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ചിരുന്നു.

ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന വരുണ്‍ ഭാസ്‌ക്കര്‍ എസ്.എഫ്.ഐ കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ നോര്‍ത്ത് ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിരുന്നു. നിലവില്‍ സി.പി.എം കരുവിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്.
അഞ്ചു തവണ പിതാവ് എം. ഭാസ്‌ക്കരന്‍ കൗണ്‍സിലറായിരുന്ന കരുവിശേരി വാര്‍ഡിലുള്ള വോട്ടര്‍മാരുമായി അടുത്ത ബന്ധമാണ് വരുണിനുള്ളത്. കഴിഞ്ഞ തവണ വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സി.പി.എം നേതൃത്വം വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചതെന്നും ജനങ്ങള്‍ക്കൊപ്പം കരുവിശേരിയുടെ വികസനത്തിന് മുന്നിലുണ്ടാകുമെന്ന ഉറപ്പാണ് വരുണ്‍ ഭാസ്‌ക്കര്‍ നല്‍കുന്നത്.

Top