വാര്‍ത്തകള്‍ ഇതുവരെ ചിത്രത്തില്‍ ഇന്ദ്രന്‍സ് മികച്ച ഒരു കഥാപാത്രവുമായി എത്തുന്നു

നോജ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വാര്‍ത്തകള്‍ ഇതുവരെയില്‍ ഇന്ദ്രന്‍സ് എത്തുന്നു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2017ലെ മികച്ച നടനുള്ള സംസ്ഥന അവാര്‍ഡിന് ശേഷം വീണ്ടും മികച്ച ഒരു കഥാപാത്രവുമായാണ് ഇന്ദ്രന്‍സ് വാര്‍ത്തകള്‍ ഇതുവരെയില്‍ എത്തുന്നത്. ചിത്രം ഉടന്‍ തീയേറ്ററുകളിലേക്കെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നടന്‍ സിജുവില്‍സണാണ് നായകനായെത്തുന്നത്.

തൊണ്ണൂറുകളില്‍ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, നസീര്‍ സംക്രാന്തി, ലക്ഷ്മിപ്രിയ, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോസണ്‍ പി.എസ്.ജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകരിലൊരാളായ മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആര്‍ ശ്രീജിത്ത് എഡിറ്റിങ്ങ് ചെയ്യുന്നു.

നിവിന്‍പോളിക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെ പ്രാധാന്യമുളെളാരു റോളിലായിരുന്നു സിജു എത്തിയിരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി ഡേയ്‌സിലൂടെയായിരുന്നു സിജു നായകനടനായി അരങ്ങേറിയത്. ഹാപ്പി ഡേയ്‌സിനു ശേഷം തൊബാമ എന്ന ചിത്രത്തിലും സിജു നായക വേഷത്തിലെത്തിയിരുന്നു.

Top