എസ് ആര്‍ ട്രസ്റ്റിന് കീഴിലുളള കോളേജുകളുടെ അംഗീകാരം റദ്ദാക്കും? കുട്ടികളെ മാറ്റാനും സാധ്യത

തിരുവനന്തപുരം: വര്‍ക്കല ശ്രീശങ്കര ദന്തല്‍ കോളേജിന്റെ ബിഡിഎസ്, എംഡിഎസ് പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം. എസ് ആര്‍ ട്രസ്റ്റിന് കീഴിലുളള കോളേജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ദന്തല്‍ കൗണ്‍സിലാണ് ശുപാര്‍ശ ചെയ്തത്.

കോളേജിന്റെ പ്രവര്‍ത്തനം കൃത്യമല്ലെന്നും, പല അധ്യാപകരും ഡ്യൂട്ടിയിലില്ലെന്നും എംസിഐ കണ്ടെത്തിയിരുന്നു. മാത്രമല്ല കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യം ഇല്ലെന്നും ഉപകരങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ പണമിടപാടില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കണ്ടത്തി. കോളേജിലെ വിദ്യാര്‍ത്ഥികളെ മറ്റിടങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട് എന്നാണ് വിവരം.

വ്യാജരേഖ ചമച്ചാണ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. ഇതേകുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. കൂടാതെ പരിശോധനക്കെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തെ കോളേജ് മാനേജ്‌മെന്റ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവാരമില്ലാത്ത കോളെജിന് ആവശ്യകത സര്‍ട്ടിഫിക്കറ്റ് ഇനി അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോളേജിന്റെ ആവശ്യകത സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.ഈ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

Top