വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുണ്ടായ അപകടം;സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് എതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് എതിരെ നടപടിക്ക് സാധ്യത. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിക്കും മേല്‍നോട്ടത്തില്‍ പിഴവുണ്ടായന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. ടൂറിസം ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും.

ബ്രിഡ്ജിന്റെ മേല്‍നോട്ടത്തിനോ, അറ്റകുറ്റപ്പണികള്‍ വിലയിരുത്താനോ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടായിരുന്നില്ല. കരാര്‍ കമ്പനിക്ക് ഒപ്പം സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ടൂറിസം ഡയറ്കടര്‍ പിബി നൂഹിന്റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി മുഹമ്മദ് റിയാസിന് ഇന്ന് കൈമാറും. കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല എന്നാണ് കരാര്‍ കമ്പനിയുടെ വാദം. ഇക്കാര്യം ടൂറിസം വകുപ്പ് പരിശോധിക്കും.ഇന്നലെ ജില്ലാ കളക്ടറും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശനിയാഴ്ച വര്‍ക്കല പാപനാശം ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേരാണ് കടലില്‍ വീണത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് വിനോദ സഞ്ചാരികള്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ ചുമതല ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിക്കുമാണ്. ശക്തമായ തിരമാലയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് വര്‍ക്കലയില്‍ കഴിഞ്ഞ ശനിയാഴ്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിച്ചത്. ഈ സമയം കരാര്‍ കമ്പനിയായ ജോയ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ ജീവനക്കാര്‍ മാത്രമാണ് ബീച്ചില്‍ ഉണ്ടായിരുന്നത്.

Top