വിജയ് സിനിമ വാരിസ് 5 ദിവസം കൊണ്ട് നേടിയത് 150 കോടി !

തമിഴിലെ രണ്ട് സൂപ്പർതാരങ്ങളുടെ രണ്ട് ചിത്രങ്ങളായിരുന്നു പൊങ്കലിന് റിലീസായത്. എച്ച് വിനോദിന്റെ സംവിധാനത്തിൽ എത്തിയ അജിത്ത് ചിത്രം തുനിവും വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലെത്തിയ വിജയ് ചിത്രം വാരിസും. ഈ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ സൃഷ്ടിക്കുന്ന നേട്ടത്തെക്കുറിച്ചുള്ള അനൌദ്യോഗിക വിവരങ്ങൾ നിരവധി ട്രേഡ് അനലിസ്റ്റുകളും ട്രാക്കർമാരുമൊക്കെ തങ്ങളുടേതായ രീതിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ റിലീസിന് ശേഷം ആദ്യമായി വാരിസിന്റെ കളക്ഷൻ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്.

14 ന് തിയറ്ററുകളിൽ എത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടിയിലേറെ നേടിയെന്ന് നിർമ്മാതാക്കൾ അറിയിക്കുന്നു. ആഗോള ഗ്രോസ് ആണിത്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കേരളത്തിൽ 400 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. റിലീസ് ദിനത്തിൽ പുലർച്ചെ നാലിന് ആദ്യ പ്രദർശനങ്ങൾ ആരംഭിച്ചിരുന്നു.

Top