വാരിസ്; ഹിന്ദി പതിപ്പ് 10 ദിവസം കൊണ്ട് നേടിയത് 6.22 കോടി

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് രാജ്യനെമ്പാടും മുന്‍പില്ലാത്ത വിധത്തിലുള്ള സ്വീകാര്യതയാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച ട്രെന്‍ഡിന്റെ തുടര്‍ച്ചയായി നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടി. അത്രയ്ക്കൊന്നുമില്ലെങ്കിലും പൊങ്കല്‍ റിലീസ് ആയി എത്തിയ തമിഴ് ചിത്രം വാരിസും ഭേദപ്പെട്ട കളക്ഷന്‍ നേടുകയാണ്, ഉത്തരേന്ത്യയില്‍ നിന്ന്. റിലീസിന് ശേഷമുള്ള പത്ത് ദിവസം കൊണ്ട് ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ജനുവരി 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയത് 6.22 കോടി ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. അതേസമയം ആദ്യ വാരം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിട്ടുള്ളത് 210 കോടിയാണെന്ന് നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് അറിയിച്ചിരുന്നു. പൊങ്കല്‍ റിലീസ് ആയി ഒപ്പമെത്തിയ അജിത്ത് ചിത്രം തുനിവിനേക്കാള്‍ മുകളിലാണ് ഈ കളക്ഷന്‍. ആദ്യ വാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 11.3 കോടി ആണെന്നാണ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നത്.

Top