വര്‍ദ്ധരാജ മന്നാര്‍; പൃഥിരാജിന്റെ ജന്മദിനത്തില്‍ ‘സലാറി’ന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍

കെജിഎഫ് ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ‘സലാറി’ന്റെ അണിയറപ്രവര്‍ത്തകര്‍ മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ്. വര്‍ദ്ധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സലാറില്‍ അവതരിപ്പിക്കുന്നത്.

ഡിസംബര്‍ 22നാണ് ആഗോളതലത്തില്‍ ചിത്രം റിലീസിനെത്തുക. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പൃഥ്വിരാജിന്റെ മാസ് ലുക്ക് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സലാറിന്റെ ടീസര്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാരാണ് കണ്ടത്. 12 വര്‍ഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Top