vardah cyclone; isro satellites saved 10 000 lives in chennai

ചെന്നൈ: ചെന്നൈ നഗരത്തിലെ ജനങ്ങളെ വാര്‍ധ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷിച്ചത് ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങള്‍.

ഐഎസ്ആര്‍ഒയുടെ ഇന്‍സാറ്റ് ത്രീ ഡി ആര്‍, സ്‌കാറ്റ്‌സാറ്റ് വണ്‍ എന്നീ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങള്‍ക്ക് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കൃത്യമായി പ്രവചിച്ചതാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കാരണമായത്.

ഐ.എസ്ആര്‍ഒ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ നിന്നായി 10,000ത്തിലേറെ പേരെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.

ഐഎസ്ആര്‍ഒ നല്‍കിയ വിവരങ്ങളനുസരിച്ചാണ് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതും.

ചെന്നൈ കൂടാതെ ആന്ധ്രാതീരത്തും രക്ഷാപ്രവര്‍ത്തനം ഉപഗ്രഹ ചിത്രങ്ങള്‍ കണക്കിലെടുത്താണ് ആസൂത്രണം ചെയ്തതെന്ന് ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍സാറ്റ് ത്രീഡിആര്‍ കാലാവാസ്ഥാ നിരീക്ഷണ ഉപഗ്രഹം ഈ വര്‍ഷം സെപ്തംബറിലാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഭൗമദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന ഇമേജിംഗ് സിസ്റ്റവും, അന്തരീക്ഷത്തിലെ മര്‍ദ്ദം, താപനില, കാറ്റിന്റെ സഞ്ചാരം, കാറ്റിന്റെ ദിശ എന്നിവ പ്രവചിക്കാന്‍ സാധിക്കുന്ന അറ്റ്‌മോസ്ഫറിക് സൗണ്ടറും ഈ ഉപഗ്രഹത്തിലുണ്ട്.

സ്‌കാറ്റ്‌സാറ്റ് 1 ഉപഗ്രഹവും കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം തിരിച്ചറിയാനും നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിന് സാധിക്കും.

അതേസമയം ചെന്നൈയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലും സാന്നിധ്യമറിയിച്ചെങ്കിലും ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ ആദ്യമേ സ്വീകരിച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സ്‌പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു.

Top