വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ചെറുകുടല്‍ തകര്‍ന്നിരുന്നെന്ന് ചികിത്സാരേഖ

crime

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ പരിക്ക് മൂലമെന്ന് ചികിത്സാ രേഖകള്‍. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ഐജി ശ്രീജിത്താണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്.

ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വെള്ളിയാഴ്ച ശ്രീജിത്തുള്‍പ്പടെയുള്ള പതിനഞ്ചോളം പേര്‍ വാസുദേവന്‍ എന്നയാളുടെ വീട് തകര്‍ക്കുകയും വീട്ടിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്‌തെന്ന പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.

ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

അതേസമയം മരണത്തിന് ഇടയാക്കിയത് പൊലീസ് മര്‍ദനമാവാന്‍ ഇടയില്ലെന്നാണ് പൊലീസിന്റെ വാദം. നാട്ടുകാരുമായുള്ള സംഘര്‍ഷത്തില്‍ മര്‍ദനമേറ്റതായി ശ്രീജിത് തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞിരുന്നെന്നും കോടതിയില്‍ കൊണ്ടു പോകുന്നതിനു മുമ്പ് വയറ്റില്‍ വേദനയുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.

Top