വരാപ്പുഴയിലെ ഗൃഹനാഥന്റെ ആത്മഹത്യ; മലക്കം മറിഞ്ഞ് പൊലീസ്‌

varappuzha custody death,

കൊച്ചി: വരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ മലക്കം മറിഞ്ഞ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത നിര്‍ണായക കേസില്‍ തെളിവില്ലെന്നും കേസ് റദ്ദാക്കിയെന്നുമാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെ വീട് കയറി ആക്രമിച്ചതിനെത്തുടര്‍ന്നാണു ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതെന്നു തെളിയിക്കാനായില്ലെന്നാണ് നോര്‍ത്ത് പറവൂര്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റിലായ ഒന്‍പത് പ്രതികളില്‍ ഏഴ് പേര്‍ക്കും കേസുമായി ബന്ധമില്ല. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

രണ്ടു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. വരാപ്പുഴയില്‍ വീടു കയറി ആക്രമിച്ചതും ഈ സംഭവമാണ് വാസുദേവന്റെ ആത്മഹത്യയ്ക്കു പ്രേരണയായത് എന്നിങ്ങനെയാണ് കേസുകള്‍. ഇതില്‍ വീട് കയറി ആക്രമിച്ച കേസ് നിലനില്‍ക്കും. ആത്മഹത്യാപ്രേരണക്കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലിരിക്കെയാണു ശ്രീജിത്ത് കൊല്ലപ്പെട്ടത്. ഈ കേസാണിപ്പോള്‍ റദ്ദാക്കിയത്.

നേരത്തെ രണ്ട് കേസുകളിലായി ഒന്‍പത് പ്രതികള്‍ക്കും എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പറവൂര്‍ കോടതിയില്‍ സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ റിമാന്‍ഡില്‍ തുടരും. അതിനിടെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി.

Top