ലോക്കപ്പുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍; 471 സ്റ്റേഷനുകളില്‍ സിസിടിവി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം

cctv1

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്കപ്പുകള്‍ ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. 471 പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

വാരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, കസ്റ്റഡിയില്‍ ആളുകളെ പീഡിപ്പിച്ചതിന്റെ പേരില്‍ നടപടിക്കു വിധേയരാകുന്ന ഉദ്യോഗസ്ഥരെ റേഞ്ച് ഐജിയുടെയോ ഡിജിപിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ക്യാമറ സ്ഥാപിക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു ബില്ല് ജില്ലാ പൊലീസ് നല്‍കിയാല്‍ പണം നല്‍കുമെന്നും ഈ ക്യാമറ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ കംപ്യൂട്ടര്‍ വഴി റിക്കോര്‍ഡ് ചെയ്യണമെന്നും, എല്ലാ ആഴ്ചയും ഈ സിഡിയില്‍ റിക്കോര്‍ഡ് ചെയ്തു സൂക്ഷിക്കണമെന്നും ഡിജിപി വ്യക്തമാക്കി.

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടും ജനങ്ങളോടുള്ള മോശം പെരുമാറ്റത്തിലൂടെയും പൊലീസ് പ്രതിസ്ഥാനത്തായതോടെയാണ് സ്റ്റേഷനുകളില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള തീരുമാനം.

Top