Varanasi stampede: Five officials suspended for ‘gross negligence’

വാരണസി: ഉത്തര്‍പ്രദേശിലെ വാരണസിയില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 25 ആയി. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ആറു പോലീസുകാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് സസ്‌പെന്‍ഡ് ചെയ്തു.

എസ്പി സുധാകര്‍ യാദവ്, ട്രാഫിക് എസ്പി കമാല്‍ കിഷോര്‍, സര്‍ക്കിള്‍ ഓഫീസര്‍ രാഹുല്‍ മിശ്ര സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ഇന്നലെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വാരാണസിയിലെ രാജ്ഘട്ട്‌ പാലത്തിനു സമീപമായിരുന്നു ദുരന്തം. ആത്മീയ ആചാര്യന്‍ ജയ് ഗുരുദേവിന്റെ പരിപാടിക്കിടെയാണ് സംഭവം നടന്നത്‌. ഇടുങ്ങിയ പാതയിലൂടെ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

ഘോഷയാത്രയ്ക്കിടെ പാലത്തില്‍വച്ച് ഒരാള്‍ ശ്വാസം മുട്ടിമരിച്ചു. തുടര്‍ന്ന് തിക്കിലും തിരക്കിലും പാലം തകര്‍ന്നതായി പരന്ന അഭ്യൂഹങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചത്.

Top