വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് ജസ്റ്റിസ് കര്‍ണന്‍

വാരണാസി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് സി.എസ്. കര്‍ണന്‍. വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ഉറപ്പിച്ചുവെന്നും പത്രിക സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജ. കര്‍ണന്‍ മത്സരിക്കുന്നത്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ജസ്റ്റിസ് കര്‍ണന്‍. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ തുറന്ന കത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയുടെ എഴംഗ ബെഞ്ച് കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷക്കപ്പെടുകയുമായിരുന്നു.

Top