വനിതാ മതിലിനൊപ്പം എന്‍എസ്എസ് നില്‍ക്കണമായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

Kodiyeri-

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരായ മതിലാണ് വനിതാമതിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് വനിതാ മതിലിനൊപ്പം നില്‍ക്കണമായിരുന്നെന്നും വിഷയത്തില്‍ എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. വനിതാമതിലിനെ എന്‍എസ്എസ് എതിര്‍ത്തത് ശരിയായില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ജി സുകുമാരന്‍ നായര്‍ ദൂഷിത വലയത്തിലാണെന്നും വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെ പിന്തുണയോടെ ഇന്നാണ് സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘടാകരുടെ അവകാശവാദം.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണി മുതല്‍ 4.15 വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണിക്ക് അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തും.

Top