ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലിൽ സഹകരിക്കുന്നത്: കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലില്‍ സഹകരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍. വനിതാ മതിലിന് ജാതിയും മതവുമില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

അതേസമയം, വനിതാ മതില്‍ ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. കെ.സി ജോസഫാണ് നോട്ടീസ് നല്‍കിയത്. ഫണ്ട് സംബന്ധിച്ച് നിയമസഭയെ മുഖ്യമന്തി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വനിതാ മതില്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തുമെന്നും അതിനായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നീക്കി വെച്ച ഫണ്ട് വിനയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം എടുത്ത് വനിതാ മതില്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പറയുന്നത് ജനരോക്ഷം ഭയന്നിട്ടാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

അതേസമയം, പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. അധ്യാപകര്‍ക്കൊപ്പം കുട്ടികളെയും ഒപ്പം കൂട്ടാന്‍ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Top