Vanitha Commision ‘s statement against TV seriels

തിരുവനന്തപുരം :സിനിമയിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, സീരിയലുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വച്ചുപൊറുപ്പിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി വനിതാ കമ്മീഷന്‍.

സീരിയലുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി പറഞ്ഞു.

‘ഒരു ടിവി ഷോയില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം ഉണ്ടാകുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നു സീരിയലുകള്‍ ബന്ധപ്പെട്ടവര്‍ക്കുമുന്നില്‍ നേരത്തെ സ്‌ക്രീന്‍ ചെയ്യണമെന്നും, സ്‌ക്രിപ്റ്റ് മുന്‍കൂട്ടി പരിശോധിക്കണമെന്നുമുള്ള നിര്‍ദേശം കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു.

എന്നാല്‍, ഇതു വേണ്ടരീതിയില്‍ നടപ്പിലായില്ല. ഈ വിഷയം ഗൗരവമായി എടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് വനിതാ കമ്മീഷന്‍ ആലോചിക്കുന്നത്’റോസക്കുട്ടി പറഞ്ഞു.

സീരിയല്‍ രംഗത്തെ സംഘടനകളുമായി ചര്‍ച്ചനടത്തി തുടര്‍നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. മോശം നിലവാരത്തിലുള്ള സീരിയലുകള്‍ തലവേദനയായതോടെ തിരുവനന്തപുരത്തു മെഡിക്കല്‍ കോളേജിനടുത്തുള്ള പൊതുജനം റസിഡന്‍സ് അസോസിയേഷന്‍ സീരിയലുകള്‍ കാണേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ഇതു വലിയ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു.

സീരിയല്‍ സമയത്ത്, അസോസിയേഷനുള്ളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയുമാണ് സീരിയലിനെ ഒഴിവാക്കായത്. ആദ്യഘട്ടത്തില്‍ വിജയമായെങ്കിലും പിന്നീട് പദ്ധതി നിലച്ചുപോകുകയായിരുന്നു.

Top