ഐസിസി വിലക്കിനെ പറ്റിച്ച് വനിന്ദു ഹസരങ്ക;വിരമിച്ച താരം ടെസ്റ്റ് ടീമില്‍

കൊളംബോ: ബംഗ്ലാദേശിനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ അമ്പയറോട് അപമര്യാദയായി പെരുമാറിയതിന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഐ.സി.സി.യുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കാരണത്താലായിരുന്നു വിലക്ക്. അമ്പയറുടെ തീരുമാനത്തിനെതിരേ എതിരഭിപ്രായം ഉന്നയിച്ചതോടെയാണ് വിലക്കുവീണത്.

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരം മാത്രമാണ് ശ്രീലങ്കയ്ക്ക് ബാക്കിയുള്ളത്. ടെസ്റ്റില്‍നിന്ന് വനിന്ദു ഹസരങ്ക കഴിഞ്ഞ വര്‍ഷം വിരമിച്ചതുമാണ്. അപ്പോള്‍ ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനും നെടുംതൂണുമായി പ്രവര്‍ത്തിക്കേണ്ട ഹസരങ്കയ്ക്ക്, ആദ്യ നാല് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയായിരിക്കും വരിക. ഇത് ശ്രീലങ്കയെ സംബന്ധിച്ച് ആലോചിക്കാന്‍ തന്നെ വയ്യാത്ത കാര്യമാണ്.അപ്പോഴാണ് ശ്രീലങ്ക മറുതന്ത്രം പ്രയോഗിച്ചത്. വിരമിച്ച ഹസരങ്കയെ വീണ്ടും ടെസ്റ്റില്‍ ഉള്‍പ്പെടുത്തി. രണ്ട് ടെസ്റ്റ് വിലക്ക് കഴിയുന്നതോടെ ലോകകപ്പിന് ഇറങ്ങുകയും ചെയ്യാം. ഇതോടെ ടെസ്റ്റിലേക്ക് താരം വീണ്ടും മടങ്ങിയെത്തുകയും രണ്ട് ടെസ്റ്റുകളില്‍ ഐ.സി.സി.യുടെ വിലക്ക് നേരിടേണ്ടി വരികയും ചെയ്തു.

ലോകകപ്പ് മത്സരങ്ങളിലെ അസാന്നിധ്യം ഒഴിവാക്കാനല്ല ഹസരങ്ക ടെസ്റ്റ് ടീമിലേക്ക് വന്നതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ അറിയിക്കുന്നു. ഹസരങ്ക നേരത്തേതന്നെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി ആഗ്രഹം പ്രകടിപ്പിച്ച് ഇ മെയില്‍ അയച്ചിരുന്നെന്നും അതടിസ്ഥാനത്തിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി അറിയിക്കുന്നത്.ഐ.സി.സി.യുടെ പെരുമാറ്റച്ചട്ട പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 2.8 ആണ് ഹസരങ്ക ലംഘിച്ചത്. ഒരു രാജ്യാന്തര മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തോട് എതിരഭിപ്രായം ഉയര്‍ത്തുന്നവരെയും അവരെ പിന്തുണക്കുന്നവരെയും ശിക്ഷിക്കുന്ന നിയമമാണിത്. ഇതുപ്രകാരം ഹസരങ്കയ്ക്ക് അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലോ, നാല് ഏകദിന, ടി20 മത്സരങ്ങളിലോ വിലക്ക് എന്നതായിരുന്നു ഐ.സി.സി.യുടെ ശിക്ഷാ നടപടി. ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക.

Top