വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; പ്രതിയുടെ വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീല്‍ നല്‍കുമെന്ന് ആറ് വയസുകാരിയുടെ കുടുംബം പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷന്‍ അടുത്ത ദിവസം അപ്പീല്‍ നല്‍കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചാലുടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍ പിള്ള വ്യക്തമാക്കി. അര്‍ജുനെതിരെ ശാസ്ത്രീയ തെളിവുകള്‍ ആവശ്യത്തിനുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം, പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അര്‍ജുന്റെ അഭിഭാഷകനും പറഞ്ഞു.

അതേസമയം, കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ബാഹു സമ്മര്‍ദ്ദം ഉണ്ടായെന്ന് കരുതുന്നില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഇത്തരം ഒരു കേസില്‍ ആരും ഇടപെടില്ല. കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. കോടതി പൊലീസിനെ വിമര്‍ശിച്ചത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്നും പി രാജീവ് പറഞ്ഞു.

Top