ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവത്തില്‍ അച്ഛന്റെ പരിക്ക് ഗൗരവമുള്ളതെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. മുത്തച്ഛന്റെ കൈകള്‍ക്കാണ് പരിക്കേറ്റത്. അച്ഛന്റെ വലതുകാലില്‍ നിന്ന് രക്തസ്രാവമുണ്ടെന്നും മുത്തച്ഛന്റെ കൈകള്‍ക്കാണ് പരിക്കേറ്റതെന്നും മാലതി പറഞ്ഞു. തലയ്ക്കും അടിയേറ്റിട്ടുണ്ട്. ഇരുവരേയും സ്‌കാനിംഗിന് വിധേയമാക്കി.
വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ പിതൃസഹോദരനായ പാല്‍രാജാണ് കുത്തിയത്. പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
2021 ന് ജൂണ്‍ 30-നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അര്‍ജുന്‍ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. പ്രതിക്കെതിരെ ഹാജരാക്കിയ തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്.