വന്ദേഭാരത് മിഷന്‍; അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന്

കൊച്ചി: 150തോളം യാത്രക്കാരുമായി അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് കൊച്ചിയില്‍ എത്തും. ഡല്‍ഹി വഴിയാണ് വിമാനം കൊച്ചിയില്‍ എത്തുക. വന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് കേരളത്തിലെക്ക് എത്തുന്ന ആദ്യ വിമാനയാത്രയാണിത്. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ മാത്രം അമേരിക്കയില്‍ നിന്ന് നാല്‍പ്പത്തിയഞ്ച് സര്‍വ്വീസുകള്‍ ഉണ്ടായപ്പോഴും കേരളത്തെ അവഗണിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ മലയാളികളായിരുന്നു വന്ദേഭാരത് ദൗത്യത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം ഘട്ടത്തിലും അമേരിക്കയില്‍ നിന്ന് ഒരു വിമാനം കേരളത്തിലേക്കുണ്ടാകും. അതേസമയം,ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 16 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.

കേരളത്തിലേക്കുള്ള 11 സര്‍വീസുകള്‍ക്ക് പുറമെ ചെന്നൈ, മംഗളൂരു, ഹൈദരബാദ്, മുബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും മസ്‌കറ്റില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് എംബസിയുടെ അറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയില്‍ സലാലയില്‍ നിന്നും സര്‍വീസുകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ സലാലയിലുള്ള പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

മസ്‌കറ്റ് ഇന്ത്യന്‍ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും നാലാം ഘട്ടത്തിലും ഇന്ത്യയിലേക്ക് മടങ്ങുവാന്‍ അവസരം ലഭിക്കുക. അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Top