വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ്; ട്രെയിൻ തടയൽ ഉൾപ്പെടെ സമരവുമായി മുന്നോട്ടു പോകുമെന്ന് എംപി

പാലക്കാട്‌: വന്ദേ ഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് വേണമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ട്രെയിൻ പ്രഖ്യാപിച്ച ദിവസം തന്നെ റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാനും, ജനറൽ മാനേജർക്കും ഇ-മെയിൽ മുഖേന കത്ത് അയച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ മന്ത്രാലയത്തിൽ നിന്നോ അധികൃതരിൽ നിന്നോ യാതൊരുവിധ മറുപടിയും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംപി വീണ്ടും കത്തയച്ചത്.

സ്റ്റോപ്പ് അനുവദിക്കാത്തതിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധത്തിലാണെന്ന് എംപി പറയുന്നു. ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിന് കാരണം വേഗതയെ ബാധിക്കുമെന്നതാണ്. ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പോയത്. റെയിൽവേ ട്രാക്കിന്റെയും മറ്റു സാങ്കേതിക അപര്യാപ്തത മൂലം വേഗത കുറയുന്നുവെന്ന കാരണം കാണിച്ച് സ്റ്റോപ്പ്‌ അനുവദിക്കാൻ കഴിയില്ലെന്ന ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലെന്നും എംപി ചൂണ്ടിക്കാണിച്ചു.

ദക്ഷിണേന്ത്യയിൽ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഇതിനാൽ ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിച്ചു നിന്നാൽ ട്രെയിൻ തടയൽ ഉൾപ്പെടെ സമരവുമായി മുന്നോട്ടു പോകുമെന്ന് എംപി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായതിനാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമരം നയിക്കേണ്ടി വരുമെന്ന് എംപി അറിയിച്ചു.

Top