വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് ; കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സബ്- ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസില്‍ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. നടപടി ക്രമങ്ങള്‍ പാലിച്ച് ഉടന്‍ ധനവകുപ്പ് ഉത്തരവിറക്കും. ഗുരുതരമായ കുറ്റകൃത്യമെന്ന് ധനവകുപ്പ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യാഗസ്ഥരും എന്‍ ഐ സി പ്രതിനിധിയും അടങ്ങുന്ന സംഘം അന്വേഷിക്കും

അതേസമയം, ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കീഴടങ്ങിയേക്കും. ബിജുലാല്‍ പണം തട്ടിയത് ഓണ്‍ലൈന്‍ ചീട്ടുകളിക്കായിട്ടെന്നാണ് വിവരം. ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവെന്നാണ് സൂചന. അതേസമയം, ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവോയെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം അറിഞ്ഞിരുന്നില്ലെന്നും ബിജുലാലിന്റെ ഭാര്യ സിനി പറഞ്ഞു.

Top