വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ ജാമ്യം റദ്ദക്കി

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കള്ളവാദം ഉയര്‍ത്തി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ജാമ്യം നേടിയത്. ഇത് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ (32) അറസ്റ്റിലായത്.വിചാരണക്കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കിയെന്ന വസ്തുത മറച്ചുവെച്ചാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനും കോടതിയെ അറിയിച്ചത്.

തെറ്റു മനസ്സിലായതോടെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍, ജാമ്യം നേടിയ പ്രതി അതിനകം ജയിലില്‍നിന്ന് പുറത്തിറങ്ങി. ജനുവരി എട്ടിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം നല്‍കിയില്ലെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി ജാമ്യാപേക്ഷ നല്‍കി.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണോദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കസ്റ്റഡി കാലാവധി 90 ദിവസം പിന്നിട്ടതിനാല്‍ കര്‍ശന വ്യവസ്ഥകളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിയ്ക്ക് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടാന്‍ സഹായകമായത്.

മോഷ്ടിച്ച കാറിലാണ് പെണ്‍കുട്ടിയെ സഫര്‍ഷ കടത്തിക്കൊണ്ട് പോയത്. ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top