അജിത്ത് നായകനാവുന്ന ‘വലിമൈ’ ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കും സ്റ്റില്ലുകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്‌സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

‘നാങ്ക വേറെ മാരി’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിഘ്‌നേശ് ശിവനാണ്. യുവ ശങ്കര്‍ രാജയും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവ ശങ്കര്‍ രാജ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലിറിക്‌സ് വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളളില്‍ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയിലുള്ള അജിത്തിന്റെ മാസ് ലുക്ക് ഏവരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം.

Top