വാലിബന്‍ സെന്‍സറിങ് പൂര്‍ത്തിയായി;ഇന്ന് രാത്രി വലിബന്റെ ട്രെയ്ലര്‍ പുറത്തു വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു

35 ഓളം വരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് മലൈക്കോട്ടേ വാലിബന്‍ റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡ് സ്‌ക്രീന്‍ കൗണ്ടും മലൈക്കോട്ടൈ വലിബന്റെ പേരിലായിരിക്കും. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബന്‍ യുകെയില്‍ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയില്‍ ഒരുക്കിയിട്ടുണ്ട്.

മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലാണ് വാലിബന്‍ തീയറ്ററുകളില്‍ എത്തുന്നത്. ഫാന്റസി ത്രില്ലറില്‍ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. ജനുവരി 25 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന സിനിമയെ ആര്‍ എഫ് ടി ഫിലിംസ് ആണ് യൂറോപ്പിലും യുകെയിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസായാണ് സിനിമ എത്തുന്നത്.

മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്റെ മലയാളം സെന്‍സറിങ് പൂര്‍ത്തിയായി. രണ്ടു മണിക്കൂറും 35 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സെന്‍സറിങ് കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ന് രാത്രി ഏഴരയോടെ വലിബന്റെ ട്രെയ്ലര്‍ പുറത്തു വരുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

Top