“പ്രണയ ദിനം പാശ്ചാത്യ സങ്കല്‍പ്പം നിരോധിക്കണം” : ബജ്റംഗ് ദള്‍

തെലുങ്കാന: പ്രണയ ദിനം പാശ്ചാത്യ സങ്കല്‍പ്പമാണെന്നും നിരോധിക്കണമെന്നും ബജ്റംഗ് ദള്‍. തെലങ്കാനയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചാണ് ബജ്റംഗ് ദള്‍ സംസ്ഥാന ഘടകം ആവശ്യം അറിയിച്ചത്. ഫെബ്രുവരി 14ന് അമര്‍ ജവാന്‍ ദിവസ് ആയി ആചരിക്കണമെന്നും പ്രണയദിനം എന്ന സങ്കല്‍പ്പം നിരോധിക്കണമെന്നും ബജ്റംഗ് ദള്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രണയദിന ആശംസാകാര്‍ഡുകള്‍ കത്തിച്ച ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ നെക്ലസ് റോഡില്‍ റാലി നടത്തുകയും ചെയ്തു.

അതെ സമയം പ്രണയദിനം ആഘോഷിച്ചോളൂ, പക്ഷേ മാന്യമായിട്ടായിരിക്കണമെന്ന് ബജ്റംഗ് ദള്‍ ആസാം വ്യക്തമാക്കി. ആസാമിലെ പ്രധാന കഫേകളും റസ്റ്റോറന്‍റുകളും പ്രണയദിനത്തെ വരവേല്‍ക്കുന്നതില്‍ പ്രതികരിച്ചാണ് ബജ്റംഗ് ദള്‍ ആസാം ഘടകം രംഗത്തുവന്നത്.

‘ഒരു പ്രത്യേക ദിവസം പ്രണയദിനം ആഘോഷിക്കുന്നത് നല്ലത് തന്നെയാണ്. പൊതുവിടത്തില്‍ നമ്മുടെ സംസ്കാരത്തിനും ആചാരങ്ങള്‍ക്കും എതിരായ രീതിയില്‍ മാന്യമല്ലാത്ത പല കാര്യങ്ങളും നാം കാണുന്നുണ്ട്. സദാചാര പൊലീസിങ്ങില്‍ വിശ്വസിക്കാത്ത ഒരു പ്രസ്ഥാനമായതിനാല്‍ തന്നെ പ്രണയദിനത്തിലെ കച്ചവടവും വരുമാനവും ശ്രദ്ധിക്കേണ്ട കാര്യമാണ്’; രാഷ്ട്രീയ ബജ്റാംഗ് ദള്‍ ആസാം വൈസ് പ്രസിഡന്‍റ് നിലവ് ജ്യോതി ദാസ് പറഞ്ഞു.

യുവതലമുറ പ്രണയദിനം ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും എല്ലാ മാതാപിതാക്കളും ഇത് അനുവദിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവ് ജ്യോതി ദാസ് വ്യക്തമാക്കി

 

 

Top