വാളയാര്‍ കേസ്; ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു.

എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചില്‍ നാലുപേരെയും തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി വിട്ടയച്ചിരുന്നു. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍പ്രതികളെ വെറുതെ വിട്ട സംഭവം ഏറെ വിവാദമായതോടെയാണ് അന്വേഷണത്തിലോ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചോയെന്നറിയാന്‍ റിട്ട. ജില്ല ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്.

ആരൊക്കെ, ഏതൊക്കെ ഘട്ടത്തില്‍ വീഴ്ച വരുത്തിയെന്നതാവും പ്രധാനമായും കമ്മീഷന്‍ പരിശോധിക്കുക. കൂടുതല്‍ പേര്‍ക്ക് വരുംദിവസങ്ങളില്‍ നോട്ടീസ് അയക്കും. 14 ദിവസത്തിനകം മറുപടി നല്‍കണമെന്നും അതത് ഉദ്യോഗസ്ഥരുടെ കയ്യിലുളള രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top