വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ്.ഹനീഫ അധ്യക്ഷനായ സമിതി അന്വേഷിക്കും.മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നാലുപ്രതികള്‍ക്ക് നോട്ടീസയച്ചു.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് സര്‍ക്കാരിന്റെ അപ്പീല്‍. കേസില്‍ തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചതും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

രഹസ്യമൊഴികള്‍ കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. പ്രോസിക്യൂട്ടറും അന്വേഷണസംഘവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തല്ല കുറ്റപത്രം നല്‍കിയതെന്നും ഇതേതുടര്‍ന്ന് പ്രോസിക്യൂട്ടറെ തലസ്ഥാനത്ത് നിന്ന് നീക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top