വാളയാർ കേസ്: അന്വേഷണ സംഘം അമ്മയിൽനിന്ന്മൊഴി എടുത്തു

പാലക്കാട്: വാളയാർ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കുട്ടികളുടെ അമ്മയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. റെയിൽവേ എസ്പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെത്തിയത്.

കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ അട്ടപ്പള്ളത്തെ വീടും പ്രതികളിലൊരാളായ പ്രദീപ്കുമാർ താമസിച്ചിരുന്ന വീടും ഉദ്യോഗസ്ഥർ സന്ദർശിച്ചു. പാലക്കാട്ട് നിരാഹാര സമരത്തിലായിരുന്ന, കുട്ടികളുടെ അമ്മയെയും സമരസമിതി നേതാക്കളെയും രാത്രി ഏഴരയോടെ ഓഫിസിലേക്കു വിളിപ്പിക്കുകയായിരുന്നു.

അടുത്ത ദിവസം വീണ്ടുമെത്തി ഇവരിൽ നിന്നും കേസിലെ മറ്റു സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയേക്കും.കേസിലെ രണ്ടാം പ്രതിയായ കുട്ടിമധുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

സർക്കാർ ഉത്തരവിട്ട സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതുവരെ അന്വേഷണം മുന്നോട്ടു കൊണ്ടുപോവുക എന്നതാണു പുതിയ സംഘത്തിന്റെ ചുമതല.

Top