പ്രണയദിനാഘോഷത്തിന് വില്ലനായി കൊറോണ വൈറസ്; കഷ്ടത്തിലായത് പൂകൃഷിക്കാര്‍

ബംഗളൂരു: ഇത്തവണ കര്‍ണാടകയിലെ പൂ കര്‍ഷകര്‍ക്ക് പ്രണയദിനാഘോഷം നിരാശാജനകമാകുന്നു. ചൈനയില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നത് പൂക്കളുടെ കയറ്റുമതിയെ ബാധിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. യൂറോപ്യന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും പ്രണയദിനാഘോഷത്തിന് ബംഗളൂരുവില്‍ നിന്നാണ് ചുവന്ന റോസാപൂക്കള്‍ കൂടുതലായി കയറ്റുമതി ചെയ്തിരുന്നത്.

എന്നാല്‍ കൊറോണ രോഗ ഭീതിയെത്തുടര്‍ന്ന് വിമാനകമ്പനികള്‍ കയറ്റുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതും റോസാപൂക്കളുടെ വിപണിയെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. താജ്മഹല്‍, ഗ്രാന്‍ഡ് ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബണ്‍, റോയല്‍ ക്ലാസ് എന്നീ ഇനങ്ങളാണ് പ്രണയദിന വിപണിയില്‍ കൂടുതലായി വിറ്റഴിയുന്നത്.

നേരത്തെ ചൈനയില്‍ നിന്ന് പ്ലാസ്റ്റിക് പൂക്കളുടെ ഇറക്കുമതി വ്യാപകമായതും കര്‍ണാടകയിലെ പരമ്പരാഗത കര്‍ഷകരെ ബാധിച്ചിരുന്നു. മറ്റു കാര്‍ഷിക വിളകളെ അപേക്ഷിച്ച് സ്ഥിരമായി മെച്ചപ്പെട്ട വില ലഭിച്ചിരുന്ന പൂകൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഏറ്റ അടിയായിരുന്നു പ്ലാസ്റ്റിക് പൂക്കളുടെ വരവ്.

Top