വളാഞ്ചേരി പീഡനം; ഷംസുദ്ദീന്‍ നടക്കാവിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

മലപ്പുറം:വളാഞ്ചേരി സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തേക്കും.

വളാഞ്ചേരി നഗരസഭ 32-ാം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗണ്‍സിലറാണ് ഷംസുദ്ദീന്‍ നടക്കാവില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ പോക്‌സോ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ ഇനി പൊലീസിന് തടസ്സമില്ല.

കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് ഷംസുദ്ദീന്‍ വാദം ഉയര്‍ത്തി എങ്കിലും അത് കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയില്‍ നിന്ന് ഇത്തരം വാദങ്ങള്‍ ഉണ്ടാവരുതെന്ന് കോടതി പ്രതിയെ ശാസിക്കുകയും ചെയ്തു.

നേരത്തെ പ്രതിയില്‍ നിന്ന് പണം വാങ്ങി കേസില്‍ മധ്യസ്ത ശ്രമം നടക്കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയിരുന്നു.ഇതില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടങ്കിലും പ്രതി കൗണ്‍സിലര്‍ സ്ഥാനം ഇതുവരെ രാജിവെച്ചിട്ടില്ല.

Top