സഹോദരി ഭര്‍ത്താവും പീഡിപ്പിച്ചതായി വളാഞ്ചേരി പോക്‌സോ കേസിലെ പെണ്‍കുട്ടി

GIRLS

മലപ്പുറം : എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ വളാഞ്ചേരി പോക്‌സോ കേസില്‍ പീഡനത്തിനിരയായ 16കാരിയുടെ സഹോദരീ ഭര്‍ത്താവിനെതിരെയും പോക്‌സോ ചുമത്തി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹോദരി ഭര്‍ത്താവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം കേസില്‍ പ്രതിയായ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.

വളാഞ്ചേരി നഗരസഭ 32ആം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗണ്‍സിലറായ ഷംസുദ്ദീന്‍ നടക്കാവിലിനെതിരെ പതിനാറ് വയസുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷമായി ഷംസുദ്ദീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പരാതി വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഷംസുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു.

Top