വളാഞ്ചേരി കൊലപാതകം; തെളിവെടുപ്പ് പൂര്‍ത്തിയായി

മലപ്പുറം: ചോറ്റൂര്‍ സ്വദേശിനി സുബീറ ഫര്‍ഹത്തിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി അന്‍വറിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. വളാഞ്ചേരി സി.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ ശനിയാഴ്ച വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കൊലപാതകത്തിന് ശേഷം കവര്‍ന്ന മൂന്ന് പവനോളം വരുന്ന സ്വര്‍ണാഭരണം വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച പൊലീസ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ വളയും ലോക്കറ്റും കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചു മൂടാന്‍ ഉപയോഗിച്ച കൈക്കോട്ട് ഉള്‍പ്പെടെയുളള ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ സുബീറ ഫര്‍ഹത്ത് ഉപയോഗിച്ചിരുന്ന ഹാന്‍ഡ് ബാഗും സംഭവ സമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പൊലിസ് കണ്ടെടുത്തിരുന്നു.എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ പൊലീസിനായില്ല. ഫോണിനായി കുഴല്‍ കിണറില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തനായില്ല.

ഏകദേശം 500 മീറ്ററോളം താഴ്ചയുളള കുഴല്‍ കിണറിലേക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞുവെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.മാര്‍ച്ച് 10ന് വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെട്ട സുബീറ ഫര്‍ഹത്തിനെ കാണാതാവുകയായിരുന്നു.

പിന്നീട് നാല്‍പ്പത് ദിവസത്തിന് ശേഷം സൂബീറയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുളള പറമ്പില്‍ കുഴിച്ചിട്ട നിലയിലാണ് സുബീറയുടെ മൃതദേഹം കണ്ടെത്തിയത്. തിരൂര്‍ ഡിവൈഎസ്പി കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Top